Tuesday, November 16, 2010

കാക്കയേമാന്‍


കാക്കയേമാന്‍
ഴയ്ക്ക് മുന്‍പുള്ള കൂരാപ്പ് പടര്‍ത്തി ,താഴ്ന്നു പറക്കുന്ന കാക്കകളുടെ കരച്ചില്‍ കേട്ട് പുറത്തേക്ക് നോക്കിക്കൊണ്ടു അമ്മ പറഞ്ഞു :"കാക്കകള്‍ കലിപൂണ്ടിട്ടുണ്ട്.കാക്കയേമാന്‍ വരുന്നന്നു തോന്നുന്നു." ഞാന്‍ മുറ്റത്തേക്കിറങ്ങി.അപ്പോള്‍ കാണാം ,ഏഴടി ഉയരവും മെലിഞ്ഞിട്ടെങ്കിലും ഉറച്ചപേശീബലമുള്ള എന്‍പതുവയസ്സുകാരന്‍ കുനിഞ്ഞു കല്ലെടുക്കുകയാണ് .പെട്ടെന്ന് ഒരു കാക്ക താഴ്ന്നു പറന്ന് അയാളെ ഞോണ്ടി.അയാള്‍ ഇടതുകൈ തലക്കുമേലെ വീശിക്കൊണ്ട് പ്‌രാകി പറഞ്ഞു :"നാശങ്ങള്‍ ......എന്‍റെ ബലിച്ചോറ് തിന്നാന്‍ കൊതിപൂണ്ട്‌ നടക്കുവാ......"ആകാശത്ത് കാക്കകരച്ചിലുകളുടെ പെരുമഴകേട്ട് അമ്മയും പുറത്തേക്കിറങ്ങി പറഞ്ഞു :"പോല്‍ത്തെക്കൊന്നും(ഉച്ചഭക്ഷണം )ആയില്ല ഏമാനെ.....കറി അടുപ്പത്തിരിക്കുന്നേയുള്ളൂ.അവിടിരിക്ക്‌ ."
"ഉള്ളതു മതി കോച്ചേ......ഇവിടിരുന്നാല്‍ ഇവറ്റകള്‍ എന്നെ കൊത്തിക്കൊണ്ടുപോകും."
തൂശനിലയില്‍ അമ്മ വിളമ്പിയ ചോറും ചീനിയും മോരൊഴിച്ചുകുഴച്ച്‌ മീങ്കറിയില്‍ മുക്കി നാല് സൈഡുപിടിച്ച്‌ ഉരുട്ടി വായിലേക്ക് എറിഞ്ഞുവിടുന്നത് ഞാന്‍ കൊതിയോടെ നോക്കിനിന്നു .ഇടയില്‍ കണ്ണുകള്‍ മുഴയ്‌ക്കുന്നുണ്ട്‌.ഏമ്പക്കം പോകുന്നുണ്ട് .വിയര്‍ക്കുന്നുണ്ട്‌.വെള്ളം കുടിക്കുന്നുണ്ട്‌ .കണ്ണ് നിറയുന്നുണ്ട് .
പിന്നീട് കുറേക്കാലം ഞാന്‍ കാക്കയേമാനെ കണ്ടിട്ടേയില്ല.ഇടയില്‍ അമ്മയോട് തിരക്കി .അമ്മയ്ക്ക് അറിയില്ലാന്നുപറഞ്ഞു .ഒരു ദിവസം രാവിലെ കാക്കകളുടെ വിചിത്രമായ ബഹളം കേട്ട് ഞാന്‍ ജനലിലൂടെ പുറത്തേക്ക് നോക്കി .ഇനി കാക്കയേമാനാണോ? റോഡിലെ ലൈന്‍കമ്പികളിലോന്നില്‍ ഒരു കാക്ക കറണ്ട് അടിച്ച്‌ തൂങ്ങിക്കിടന്നിരുന്നു .അതിനു ചുറ്റും കാക്കകള്‍ വട്ടമിട്ട് കരയുന്നതാണ് ഞാന്‍ കണ്ടത്.പെട്ടെന്ന് പിന്നില്‍നിന്ന് അമ്മ ചോദിച്ചു :"നീ വിചാരിച്ചു കാക്കയേമാനാണന്ന് ഇല്ലിയോ? അയാള്‍ ചത്തുപോയിക്കാണും." അങ്ങനെയൊന്നും ആവരുതേന്നുള്ള വിചാരത്തോടെ പുറത്തേക്കുനോക്കി കാക്കകളുടെ ആരവങ്ങളിലേക്ക് ഞാന്‍ കണ്ണും നട്ടിരുന്നു .

No comments:

Post a Comment