Sunday, December 5, 2010

മണിച്ചീ

മണിച്ചീ
കുട്ടിക്കാലത്തിന്‍റെ മണികിലുക്കമായിരുന്നു എഴുത്തില്‍ .മണിച്ചീ,സുനി,അമ്മിണി,പാത്ത -പശുക്കളുടെ പേരാണ്.ഏറ്റവും സുന്ദരി മണിച്ചീ-ഏഴ് കാളകിടാവുകളെ പെറ്റവള്‍.അവറ്റകള്‍ കുടിക്കാതെതന്നെ മുലചുരത്തുന്നവള്‍. പാല് കറക്കാന്‍ എത്ര നിസ്സംഗതയോടെയാണവള്‍ നിന്നുതന്നിരുന്നത്.എങ്കിലുംകണ്ണുകള്‍ ഈറനണിഞ്ഞു തലകുനിച്ചുനില്‍ക്കും.അവളുടെ കാളകിടാക്കളെ ചെറുതിലേ ലാഭത്തിന്‌ കാലിചന്തയില്‍ വിറ്റു.അമ്മിണി പശുവിന്‍റെ മകളായിരുന്നവള്‍. പോച്ചകൊതിച്ചി .കാടിതിളപ്പിക്കുന്ന എന്നെ പ്രേമത്തോടെ അവള്‍ നോക്കിയിരുന്നു.എന്‍റെ മുടി അവള്‍ നക്കിത്തോര്‍ത്തിയിരുന്നു. മൊന്തയുമായി അവളെ കറക്കാനിരിക്കുമ്പോള്‍ എന്നെ കടിച്ച കൊതുവിനേയുംഈച്ചയേയും അവള്‍ വാലാട്ടി ഓടിക്കും.ഇറച്ചിമുറ്റി പ്രസവിക്കാറായപ്പോള്‍ അവളെയും അച്ച്ചന്‍വിറ്റു .കയറുമാറി കച്ച്ചവടക്കാരനോപ്പം മുറ്റമിറങ്ങിയപ്പോള്‍ അവള്‍ തിരിഞ്ഞുനിന്ന് 'ഇമ്മാ ....ന്ന് നീട്ടി വിളിച്ചു'.അമ്മ അടുക്കളയില്‍ നിന്ന് കണ്ണ് തുടച്ചു. എന്‍റെയും ചേട്ടന്‍റെയും ചങ്ക് തകര്‍ന്നുപോയി.ആരും അന്ന് വീട്ടില്‍ ഭക്ഷണം കഴിച്ച്ചില്ലാന്നാണ് ഓര്‍മ്മ.എനിക്ക്‌ അച്ചനോട് ദേഷ്യം തോന്നി.രാത്രിയില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ തിണ്ണക്ക് അച്ച്ചന്‍ കിടക്കുന്ന ചാരുകസേരയില്‍നിന്നും ഏങ്ങലടി കേട്ട് എന്‍റെ കണ്ണ് തുളുമ്പിനിന്നു.

Friday, December 3, 2010

തലേക്കെട്ട് സ്വാമി


തലേക്കെട്ട് സ്വാമി
കറുത്ത കരയുള്ള കാവിമുണ്ടുകൊണ്ട് വലിയ തലപ്പാവ് വരിഞ്ഞുകെട്ടി വന്നിരുന്ന ഒരു സ്വാമി ഉണ്ടായിരുന്നു .കുട്ടികള്‍ തലേക്കെട്ട് സ്വാമി എന്നാണ് അയാളെ വിളിച്ചിരുന്നത് .കാവി പുതച്ച്‌ കാവിമുണ്ടുടുത്ത് ചെവിയില്‍ ചെമ്പരത്തിപ്പൂവുമായി റോഡരുകിലൂടെ നടന്നുവരും .കക്ഷത്തില്‍ ഒരു ചെറിയ ഭാണ്ഡവും എപ്പോള്‍ വേണമെങ്കിലും ചിലമ്പിന്‍ ശബ്ദം കേള്‍പ്പിക്കാവുന്ന ഇരുമ്പ് ദണ്‍ഡും ഉണ്ടാവും.ഭാണ്‍ഡത്തിനുള്ളില്‍ പാളവിശറി യുണ്ട് .മുതിര്‍ന്നവര്‍ ഗോപാലസ്വാമി എന്നാണ് വിളിച്ചിരുന്നത് .നടവഴിയില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കുന്ന കല്ലുകള്‍ പെറുക്കി റോഡ രുകിലേക്ക് മാറ്റിവെച്ചുകൊണ്ട് അവയെ വഴക്കുപറയും .ചെറുകല്ലുകള്‍ കാലുകള്‍കൊണ്ടു തട്ടിമാറ്റും.സ്വാമിക്ക് അഴകുള്ള കറുപ്പ് നിറമാണ്.എണ്ണമയമുള്ള താടിയും മുടിയുമുണ്ട്.തലപ്പാവ് അഴിച്ചു കണ്ടിട്ടേയില്ല. നല്ല വൃത്തിഉണ്ടായിരുന്നു.  ചില ദിവസങ്ങളില്‍ വീടിന്‍റെ അടുക്കളപ്പുറത്ത് വരും. കിണറ്റിന്‍കരയിലിരുന്ന് അമ്മയെ വിളിക്കും."കൊച്ചേ,....നീ എന്തെടുക്കുവാ..!" അമ്മ ഇറങ്ങിചെന്ന് ചോദിക്കും :"സ്വാമിക്ക് കഴിക്കാന്‍ എന്തെങ്ങിലും വേണോ ..?"സ്വാമി ഇങ്ങനെ പറഞ്ഞു തുടങ്ങും :"കുറ്റിവടിക്കേലെ സോമന്‍റെ തള്ളയുടെ ...നീ അറിയത്തില്ലിയോ ,വട്ടവിളയിലെ സുലോചനയുടെ ആമ്പറന്നോന്‍റെ .......,മറുതാവിള കൃഷ്ണപിള്ളയുടെ മരുമോടെ അമ്മായിഅപ്പന്‍റെ ......"  പരസ്പരബന്ധമില്ലാതെ ആ സംസാരം അങ്ങനെ നീണ്ടുപോകും.കുട്ടികളായ ഞങ്ങള്‍ ഇറങ്ങി ച്ചെന്നാല്‍ കണ്ണുരുട്ടും. ഞങ്ങള്‍ പേടിയോടെ ചാരിവെച്ചിരിക്കുന്ന ഇരുമ്പു ദണ്‍ഡിലേക്ക് നോക്കും. പെട്ടെന്ന്  അതെടുത്ത് കൈവെള്ളയില്‍തട്ടി ഒരുവിറയല്‍ ശബ്ദം അന്തരീക്ഷത്തിലേക്ക് തരംഗങ്ങളായി വിക്ഷേപിക്കും.
സിനിമയിലും നാടകത്തിലും ഭ്രാന്തിനെ ദ്രിശ്യവല്‍ക്കരിക്കാന്‍ ചെമ്പരത്തിപ്പൂവ് നടന്‍റെയോ  നടിയുടെയോ ചെവിമേല്‍ ചാര്‍ത്തിക്കൊടുക്കാറുണ്ട്. പക്ഷേ,അനീതിയുടെയും അസാന്‍മാര്‍ഗികതയുടെതുമായ ഈ  സാംസ്കാരിക ജീവിതത്തില്‍ തലേക്കെട്ട് സ്വാമിയുടെ ചെമ്പരത്തിപ്പൂവ് ഭ്രാന്തിന്‍റെയല്ല. അപ്പോള്‍ പിന്നെ ആര്‍ക്കാണ് ഭ്രാന്ത്?  രാത്രിയില്‍  നമ്പര്‍ 394  ശാഖാ മന്ദിരത്തിന്‍റെ  ഓഫീസ്കെട്ടിടത്തിനു പിന്നിലെ സിമന്റ്‌തിണ്ണയില്‍ കനത്തമൗനത്തില്‍ ഇരിക്കുന്നത് കണ്ടിട്ടുണ്ട്‌ .ചിലപ്പോള്‍ ചിലമ്പിന്‍ ശബ്ദം കേള്‍ക്കാം.കാഴ്ച്ചയില്‍ പ്രായം പറയാന്‍ കഴിയില്ല .കാണുന്ന നാള്‍മുതല്‍ ഒരേ രൂപം .ആരോഗ്യദൃഡഗാത്ര നായിരുന്നു.എവിടെയോ കിടന്നു സമാധി ആയതായി പിന്നീടറിഞ്ഞു .സ്വാമിക്ക് പ്രണാമം .