Sunday, December 5, 2010

മണിച്ചീ

മണിച്ചീ
കുട്ടിക്കാലത്തിന്‍റെ മണികിലുക്കമായിരുന്നു എഴുത്തില്‍ .മണിച്ചീ,സുനി,അമ്മിണി,പാത്ത -പശുക്കളുടെ പേരാണ്.ഏറ്റവും സുന്ദരി മണിച്ചീ-ഏഴ് കാളകിടാവുകളെ പെറ്റവള്‍.അവറ്റകള്‍ കുടിക്കാതെതന്നെ മുലചുരത്തുന്നവള്‍. പാല് കറക്കാന്‍ എത്ര നിസ്സംഗതയോടെയാണവള്‍ നിന്നുതന്നിരുന്നത്.എങ്കിലുംകണ്ണുകള്‍ ഈറനണിഞ്ഞു തലകുനിച്ചുനില്‍ക്കും.അവളുടെ കാളകിടാക്കളെ ചെറുതിലേ ലാഭത്തിന്‌ കാലിചന്തയില്‍ വിറ്റു.അമ്മിണി പശുവിന്‍റെ മകളായിരുന്നവള്‍. പോച്ചകൊതിച്ചി .കാടിതിളപ്പിക്കുന്ന എന്നെ പ്രേമത്തോടെ അവള്‍ നോക്കിയിരുന്നു.എന്‍റെ മുടി അവള്‍ നക്കിത്തോര്‍ത്തിയിരുന്നു. മൊന്തയുമായി അവളെ കറക്കാനിരിക്കുമ്പോള്‍ എന്നെ കടിച്ച കൊതുവിനേയുംഈച്ചയേയും അവള്‍ വാലാട്ടി ഓടിക്കും.ഇറച്ചിമുറ്റി പ്രസവിക്കാറായപ്പോള്‍ അവളെയും അച്ച്ചന്‍വിറ്റു .കയറുമാറി കച്ച്ചവടക്കാരനോപ്പം മുറ്റമിറങ്ങിയപ്പോള്‍ അവള്‍ തിരിഞ്ഞുനിന്ന് 'ഇമ്മാ ....ന്ന് നീട്ടി വിളിച്ചു'.അമ്മ അടുക്കളയില്‍ നിന്ന് കണ്ണ് തുടച്ചു. എന്‍റെയും ചേട്ടന്‍റെയും ചങ്ക് തകര്‍ന്നുപോയി.ആരും അന്ന് വീട്ടില്‍ ഭക്ഷണം കഴിച്ച്ചില്ലാന്നാണ് ഓര്‍മ്മ.എനിക്ക്‌ അച്ചനോട് ദേഷ്യം തോന്നി.രാത്രിയില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ തിണ്ണക്ക് അച്ച്ചന്‍ കിടക്കുന്ന ചാരുകസേരയില്‍നിന്നും ഏങ്ങലടി കേട്ട് എന്‍റെ കണ്ണ് തുളുമ്പിനിന്നു.

No comments:

Post a Comment