Sunday, February 13, 2011

കയ്യാല 2

കയ്യാല 2
അന്നൊക്കെ ഞങ്ങളുടെ നാട്ടിന്‍പുറത്ത് പുരയിടത്തിന് അതിര് കയ്യാല ആയിരുന്നു.മണ്ണ് കോരിക്കോരി മുകളിലായി പണിക്കാര്‍ പൊത്തുന്ന ദിവസം വീട്ടില്‍ കഞ്ഞിയും എരുശ്ശേരിക്കറിയും ഉണ്ടാവും.ചാണാക്കൊട്ടയും കുന്താലിയും മമ്മട്ടിയുമാണ് പണിക്കാരുടെ സഹായികള്‍.ചതച്ചതൊണ്ടില്‍ വെള്ളം തെറ്റിച്ച് നിലംതല്ലി കൊണ്ടടിച്ചു ബലമിപ്പിച്ച് അവര്‍ അതിനെ മിനുസപ്പെടുത്തും.അതിന്‍റെ മുകളിലൂടെ ഞങ്ങള്‍ കുട്ടികള്‍ ഹൈജമ്പ് ചാടിയിരുന്നു.അതിന്‍റെ മറവിലൂടെ ഞങ്ങള്‍ പത്തിരിപ്പ് കളിച്ചിരുന്നു.ഇന്നങ്ങനെ കയ്യാലപ്പണിയില്ല.നാട്ടിലിപ്പോള്‍ പന്നേലി,പെരുച്ചാഴി,പാമ്പ്‌ ഇത്യാദി ജീവികളെയും കൈത,കാശാവ്,ഉപ്പനച്ചം ഇത്യാദി സസ്യജാലങ്ങളെയും കാണാനില്ല.ഈ വന്നകാലത്ത് ആരെങ്കിലുംഅറിഞ്ഞിരുന്നോണ്ട് മണ്ണ് കൂട്ടി വെക്കുമോ? "കയ്യാലപ്പുറത്തെ തേങ്ങ "എന്നൊരു പഴംചൊല്ല് ഉണ്ടായത് അതിനൊരു സ്മാരകമാകുമെന്ന് കരുതാം. 

Saturday, February 12, 2011

ജലയാനം

ജലയാനം(കവിത)
തുലാമഴയത്ത്
അവളും പാത്രങ്ങളും
നനയുന്നു.
ഇടവത്തിലും
കര്‍ക്കടകത്തിലും
വീടുതുളുമ്പി
വീഴുമെന്നും
അവളൊലിച്ചു
പോകുമെന്നും
പഴിപറയുന്നു.
മഴപൊഴിയാത്ത
വീടുവേണം.
പഴമയുടെ 
ഭ്രമങ്ങളില്‍ 
മഴയില്‍ നനഞ്ഞ്
മഞ്ഞില്‍ പുതഞ്ഞ്
വെയിലില്‍ കരിഞ്ഞ്
വീട് വീര്‍പ്പുമുട്ടുന്നു.
വരാന്തയില്‍ 
കാല്‍പ്പെരുമാറ്റം കേള്‍ക്കാം.
പിന്നാമ്പുറത്ത്
ഇലകള്‍ തൂവുന്നത് കേള്‍ക്കാം.
അകമൂലകളില്‍ 
പിതൃതര്‍പ്പണത്തിന്‍റെ
പിറുപിറുപ്പ്‌ കേള്‍ക്കാം.
മച്ചിനുള്ളില്‍
രാത്രിഞ്ജരരുടെ
കാല്‍വയ്പുകള്‍ കേള്‍ക്കാം.
ചിങ്ങത്തില്‍ 
പുതിയവീടിന്‍റെ
അസ്തിവാരത്തിന്
തിരിതെളിച്ചപ്പോള്‍ 
ഊതിക്കെടുത്തി
കാറ്റ്പറഞ്ഞു:
പഴയതാകാനായി 
എന്തിനാണിനിയും
പുതിയവീട്. 































Thursday, February 10, 2011

       വരാല്‍ (കവിത )

ഴുതിമാറുന്നു 
ഒരു പിടച്ചിലില്‍ ജീവിതം.
മുറിച്ചിടുമ്പോഴേ
തുടിക്കുന്നുണ്ട്
കൊതിയേറിയ
നിന്‍ ചുണ്ടുകള്‍.
റക്കില്ല ഞാന്‍ 
സ്വപ്നം നിറച്ച 
ചെതുമ്പലിന്‍
തോലിയുരിച്ചോരീ
സ്നേഹത്തിനെ.
റചട്ടിയില്‍
എണ്ണയില്‍ 
മുളകരപ്പില്‍
പൊള്ളിച്ചെടുക്കും 
മൃദുലമാം കരങ്ങളെ.
മൊരിഞ്ഞ 
കഷണങ്ങള്‍ 
ദുരയില്‍ 
വിഴുങ്ങിപ്പോയ 
നിന്‍ നാവിനെ.
നി മറക്കില്ല ഞാന്‍ 
എത്ര ഉയരേ
നീന്തിത്തുടിച്ച്‌
മുങ്ങിനിവരുമ്പോഴും
ഒരു പിടച്ചിലില്‍ ജീവിതം 
വഴുതിമാറുമെന്ന്.....






Friday, February 4, 2011

പ്രവേശനോല്‍സവം

പ്രവേശനോല്‍സവം
ധ്യവേനലവിധിക്ക് അധ്യാപകര്‍ വീട് കയറിഇറങ്ങാറുണ്ട്‌.കുട്ടികളെ തങ്ങളുടെസ്കൂളിലേക്ക് ക്ഷണിക്കാനാണ്.കുടയുംപുസ്തകങ്ങളുംബാഗുംഫ്രീ ഗിഫ്റ്റുകളാണ്.വാന്‍ഫീസുംചിലപ്പോള്‍ ഫ്രീയായേക്കും.കരയോഗങ്ങളുടെയുംഅമ്പലങ്ങളുടെയുംകുടുംബയോഗങ്ങളിലെയും നിറസാന്നിധ്യമായ ചില അധ്യാപകരും (ഇതില്‍ ലിംഗവ്യത്യാസമില്ല.ആണുംപെണ്ണുംഉള്‍പ്പെടും.)ക്ലാര്‍ക്കുമാരുമുണ്ട്.ഇവര്‍ വ്യക്തമായ ജാതി-മത-വര്‍ഗവിഭാഗങ്ങളുടെ വ്യക്താക്കളാണെങ്കിലും കുട്ടികളെ ക്യാന്‍വാസ്‌ചെയ്യുമ്പോള്‍,പെട്ടെന്ന് ചിലയിടങ്ങളില്‍ മതേതരവാദിയായിമാറുന്നു.ശരിക്കുംഓന്ത്. ബി.പി.എല്‍കുടുംബങ്ങളിലും അതിനുതാഴെയുള്ള പട്ടിണിപ്പാവങ്ങളിലും ഇവര്‍ വല്ലാതെ വിദ്യാഭ്യാസത്തെക്കുറിച്ചുപറഞ്ഞ് ഇടപെട്ടുകളയും.ജൂണിലെപ്രവേശനോല്‍സവം കഴിയുമ്പോഴേക്കും ഇവരുടെതനിനിറം കാണാന്‍തുടങ്ങും.
ക്ലാസ്ഡിവിഷന്‍തിരിച്ച് കുട്ടികളെ ഇരുത്തുന്നതില്‍ സോഷ്യല്‍
 സ്റ്റാറ്റസ്എടുത്തിടും.ചിലകുട്ടികള്‍ക്ക് തീരെ സ്റ്റാന്‍ഡേര്‍ഡ് ഇല്ലന്നു പറഞ്ഞ് കളയും.അക്ഷരമറിയില്ല,ബുക്ക്‌സൂക്ഷിക്കത്തില്ല,വായിക്കാനറിയില്ല,അനുസരണയില്ല,വൃത്തിയില്ല ,
നന്നായിപെരുമാറാനറിയില്ല,ബുദ്ധിയില്ല,ക്ലാസ് ശ്ര ദ്ധിക്കില്ല,തുടങ്ങി നൂറുകൂട്ടംപരാതികള്‍ ഇക്കൂട്ടര്‍ പറയും. ഈ കുട്ടികള്‍ ഇല്ലായിരുന്നെങ്കില്‍
 തങ്ങളുടെ തസ്തികകാണില്ലായിരുന്നുവെന്നകാര്യം സൗകര്യപൂര്‍വ്വം വിസ്മരിക്കും.ഇവരുടെ മക്കളെക്കുറിച്ച്  അന്വേഷിക്കുമ്പോഴാണ് ഈ പരാതികളുടെ അന്ത;സത്ത മനസ്സിലാകുന്നത്‌.സ്വന്തം സ്കൂളില്‍ തങ്ങളുടെ കുട്ടിയെ പഠിപ്പിക്കാതെ സര്‍ക്കാരിന്റെ ശമ്പളം വാങ്ങി ,ഇടയലേഖനങ്ങളുടെയുംആള്‍ ദൈവങ്ങളുടെയുംവര്‍ഗീയ ഫാസിസ്ടുകളുടെയും സ്വകാര്യസ്കൂളുലളില്‍ മൂവായിരവും നാലായിരവും ഫീസ് കൊടുത്തുപഠിപ്പിക്കുകയാണ്.സാധാരണ ജീവിതപരിസരത്തുനിന്നുവരുന്ന നിരക്ഷരനായ ഒരു കര്‍ഷകന്റെ ,നിര്‍മ്മാണ തൊഴിലാളിയുടെ കുട്ടിയെ ഉള്ളുതുറന്നു സ്നേഹിക്കുവാനോ ക്ഷമയോടെ പാഠങ്ങള്‍ പറഞ്ഞുകൊടുത്ത് അവന് ആത്മവിശ്വാസം പകര്‍ന്നു അവന്‍റെ കഴിവിനെ പരിപോഷിപ്പിക്കാന്‍ ടി വിവരിച്ച കൂട്ടര്‍ക്ക് പിന്നെ എങ്ങനെ തോന്നും. ഇത്തരക്കാരെ പരസ്യമായി വിചാരണ ചെയ്ത് ജനമധ്യത്ത് കൊണ്ടുവരുവാന്‍ നമുക്ക് മറ്റൊരു പ്രവേശനോല്‍സവം കൂടി താമസിയാതെ നടത്തേണ്ടിവരും.