Wednesday, January 16, 2013

1.പൂമ്പാറ്റയോട് ....(2 കവിതകള്‍ )
ആര്‍.സന്തോഷ്‌ബാബു  

പൂമ്പാറ്റേ,
പൂമ്പാറ്റേ 
മാനത്തുവിരിയും-
മുമ്പൊരു 
മഴവില്ലിനെ 
ചായമടിക്കാന്‍
ആ ചായപ്പെട്ടി 
ഒന്നു തരുമോ? 

2.ഉറുമ്പിനോട്....

റുമ്പേ,
ഉറുമ്പേ  
നീ എന്താണ് 
മുത്തശ്ശിയെപ്പോലെ
താടിക്കുകയ്യും
കൊടുത്തിരിക്കുന്നത് .
ഈ തുലാത്തില് 
മഴ ഉണ്ടാവുമോ?
മഴപ്പാറ്റകളുയരുമോ?
ഓര്‍ത്തുപറയണേ.











Saturday, November 24, 2012

 പ്രണയഋതു (കവിതകള്‍)
  •   ആര്‍.സന്തോഷ്ബാബു 
 
1.മരണക്കിടക്കയിലും
 നിന്നെ എഴുതണമെന്ന്
 നീ പറഞ്ഞുവല്ലോ .
അതിനുള്ള ശ്രമത്തിലാണ്
ഞാനും മരിച്ചത്.

2.ഒരു തുമ്പി 
ചിറകടിച്ചുയരുമ്പോഴേക്കും
കിതച്ചുപോയോ 
നിന്‍റെ പ്രണയനിശ്വാസം
വഴിയരുകില്‍ 
കാത്തുനില്‍ക്കുന്നുണ്ട്‌ 
ഒത്തിരി സ്വപ്നങ്ങളുമായി 
നീ തിരികെയെത്തുമെന്നുകരുതി. 

Monday, November 5, 2012

അരളിപൂവുകള്‍: ചുറ്റുവട്ടം @മാവേലിക്കര

അരളിപൂവുകള്‍: ചുറ്റുവട്ടം @മാവേലിക്കര: മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്ത് ഓഫീസിനു മുന്നിലൂടെ ബുദ്ധ ജംഗ്ഷനിലേക്കു നീളുന്ന ഒരു റോഡ്‌  ഉണ്ട് . അവിടെ മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്ത് ഓഫീ...

Monday, July 2, 2012

ഭൈക്ഷം കവിത 
  r .s a n t h o s h b a b u 

രു പക്ഷിപോലും 
ചലിക്കാത്ത 
ഭൂമികയിലാണ്.
നിരാലംബന്‍.
നിരാശ്രയന്‍.
ഒരു പൂവുപോലും 
വിടരാത്ത 
ചില്ലയിലാണ്.
വിതയില്ലാത്തവന്‍.
വിത്തുപോയവന്‍.
ഒരു  നെടുവീര്‍പ്പുപോലും
ഉയരാത്ത 
ഹൃദയത്തിലാണ്.
കാരുണ്യമില്ലാത്തവന്‍.
കാത്തിരിക്കാത്തവന്‍.
ഒരു സങ്കടംപോലും
ഒഴുകാത്ത 
കടലിലാണ്.
കണ്ണീരില്ലാത്തവന്‍.
കണ്ണുപൊട്ടന്‍.
ഒരിഷ്ടംപോലും
പ്രകടമാകാത്ത 
പ്രതലത്തിലാണ്.
പിശുക്കന്‍ 
പിച്ചക്കാരന്‍.
എന്നിട്ടും 
വീണ്ടുംവീണ്ടുമിവന്‍ 
യാചിക്കുകയാണ്.     

Saturday, June 30, 2012

അനുശോചനം kavitha
  r. s  a  n  t  h  o  s  h  b  a  b  u





ചാവുമ്പോള്‍ 
ചരമക്കോളം പറയും:
പരേതാ......
എല്ലാംവന്നിട്ടുണ്ടോന്നു
നോക്കണേ.

"കുമ്പഴത്തുംപൊയ്ക 214 ലാം കരയോഗം മുന്‍സെക്രട്ടറിയും,
സചിത്തപുരം സഹകരണസംഘംപ്രസിഡന്‍റും,
വില്ലേജ് മണ്ഡലംകമ്മിറ്റിവൈസ്പ്രസിഡന്‍റും,
നിലവിലെ ക്ഷീരവികസനകമ്മിറ്റിപ്രസിഡന്‍റും,
താഴേതില്‍ ഭഗവതിക്ഷേത്രംട്രെഷററും,
സി.ജി.എം.ഹയര്‍സെക്കന്‍ററിസ്കൂള്‍പി.ടി.എ പ്രസിഡന്‍റും,
(തുടര്‍ച്ചയായി ആറ് വര്‍ഷം )
പഞ്ചായത്ത്‌ വികസനകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റിചെയര്‍മാനുമായിരുന്ന-
പരേതന്‍റെ ദേഹവിയോഗത്തില്‍ ദു:ഖാര്‍ത്തരായ
ബന്ധുമിത്രാദികളോടൊപ്പം ഞങ്ങളുംപങ്കുചേരുന്നു".

                   ന്തേ ...............
                   കണ്ണുംവായുംതുറന്നുവെച്ചുകിടക്കുന്നത് ?
                   അവസാന തെരഞ്ഞെടുപ്പില്‍ 
                   അത്ര തൃപ്തി പോരാഞ്ഞാണോ ?
                   അതോഎന്തെങ്കിലും 
                   പറയാതെ വിട്ടുപോയോ  ?
                

Tuesday, March 29, 2011

രാക്കിളി

രാക്കിളി
രാത്രിയുടെ
ഏകാതാരയില്‍
നോക്കി നീ
എന്തിനു കരഞ്ഞുവിളിക്കുന്നു.
നിന്‍റെ ശബ്ദം 
ആ ചെറുശരീരത്തിലെ
ഏത് ആഴങ്ങളില്‍ നിന്നാണ്
പ്രതിധ്വനിക്കുന്നത്.
മരിച്ചുകയറിയ
ക്രിസ്തുവിന്‍റെ
കുരിശിനുകീഴില്‍
ആ രാത്രി 
നീ എന്തേ പാടാഞ്ഞത്.
എന്തിനാണ് 
ഓര്‍മ്മകളെ ഉണര്‍ത്തി 
ഉറക്കമിളച്ചിരുന്ന്
പിന്നെയും പിന്നെയും 
പാടുന്നത്.
എന്‍റെ രാത്രിപക്ഷീ
പിഴവുകളാല്‍
തല പിളര്‍ക്കുന്ന നേരത്ത്
ഉണര്‍ച്ചയുടെ പാതിരായിക്ക്
നിലാവൊളിപ്പകര്‍ച്ചയില്‍
ഒറ്റച്ചില്ലക്കിരുന്ന്
നിന്‍റെ കുഞ്ഞുഹൃദയം
വിറപൂണ്ടു വിളിക്കുന്നത്‌ 
എന്നെയാണോ?
നിന്‍റെ ഭാരമില്ലായിമയിലും 
പൊഴിഞ്ഞു പോകുന്ന
ഇലകളുടെ പറക്കലില്‍
എന്നെയും ഊയലാട്ടിയിരുന്നെങ്കില്‍.
എന്‍റെ രാപ്പാടി പക്ഷീ
നീ പാടുക.
രാത്രിയുടെ സംഗീതമായി
ഓര്‍മ്മകളുടെ ഒഴുക്കിനായി 
മരിച്ചു ചിറകടിക്കുംവരെ 
നീ പാടുക.
 




 
.