Tuesday, March 29, 2011

രാക്കിളി

രാക്കിളി
രാത്രിയുടെ
ഏകാതാരയില്‍
നോക്കി നീ
എന്തിനു കരഞ്ഞുവിളിക്കുന്നു.
നിന്‍റെ ശബ്ദം 
ആ ചെറുശരീരത്തിലെ
ഏത് ആഴങ്ങളില്‍ നിന്നാണ്
പ്രതിധ്വനിക്കുന്നത്.
മരിച്ചുകയറിയ
ക്രിസ്തുവിന്‍റെ
കുരിശിനുകീഴില്‍
ആ രാത്രി 
നീ എന്തേ പാടാഞ്ഞത്.
എന്തിനാണ് 
ഓര്‍മ്മകളെ ഉണര്‍ത്തി 
ഉറക്കമിളച്ചിരുന്ന്
പിന്നെയും പിന്നെയും 
പാടുന്നത്.
എന്‍റെ രാത്രിപക്ഷീ
പിഴവുകളാല്‍
തല പിളര്‍ക്കുന്ന നേരത്ത്
ഉണര്‍ച്ചയുടെ പാതിരായിക്ക്
നിലാവൊളിപ്പകര്‍ച്ചയില്‍
ഒറ്റച്ചില്ലക്കിരുന്ന്
നിന്‍റെ കുഞ്ഞുഹൃദയം
വിറപൂണ്ടു വിളിക്കുന്നത്‌ 
എന്നെയാണോ?
നിന്‍റെ ഭാരമില്ലായിമയിലും 
പൊഴിഞ്ഞു പോകുന്ന
ഇലകളുടെ പറക്കലില്‍
എന്നെയും ഊയലാട്ടിയിരുന്നെങ്കില്‍.
എന്‍റെ രാപ്പാടി പക്ഷീ
നീ പാടുക.
രാത്രിയുടെ സംഗീതമായി
ഓര്‍മ്മകളുടെ ഒഴുക്കിനായി 
മരിച്ചു ചിറകടിക്കുംവരെ 
നീ പാടുക.
 




 
.

 
 




Saturday, March 19, 2011

ഗുല്‍മോഹര്‍

  • കവിത                         ഗുല്‍മോഹര്‍ 
രേണുക്കളുടെ
കൊടി ഉയര്‍ത്തി
ഉയിര്‍ കാത്തിരിക്കുന്ന 
മയില്‍പ്പൂവുകളേ...
നെടുവീര്‍പ്പിന്‍റെ 
ഒരു വേപഥുവില്‍
വിരിഞ്ഞുപോയ
പ്രേമ പൂക്കളില്‍
മഞ്ഞയും ചുമപ്പും 
കോരിയൊഴിച്ച് 
ജലം തുവര്‍ന്ന-
ഹരിതമേഘത്തിലൊരു
ആകാശമരം തീര്‍ക്കുന്ന
ഭഗ്നകാമുകരേ....
നെടുകെഛെദിച്ച
പുരുഷവൃഷണം പോലുള്ള
മീനസൂര്യന്‍റെ 
കനല്‍ത്തിളക്കമേ....
മേടുകള്‍ മൂടി
പൊഴിഞ്ഞുവീണുപോയ
പരാജിതരുടെ 
പെയ്യാത്തമഴകളേ.....
ഭ്രമിപ്പിക്കുന്ന 
ഭംഗിയുമായി 
ഈ ഋതുകാലം 
വീണ്ടുമെന്നെ 
നിന്‍റെ രജസ്സില്‍ 
ദഹിപ്പിക്കല്ലേ......   
.
 





   


Friday, March 18, 2011

നീ കരയാതെ .....



നീ കരയാതെ .....(കവിത)


എന്‍റെ കണ്ണുനീര്‍ മരിച്ചവന്‍റെ വിയര്‍പ്പാണ്.
വലിയ തടാകങ്ങളിലും നദികളിലും കുളങ്ങളിലും
ജലമെത്തുന്നതുപോലെ എന്‍റെ കണ്ണുകളിലേക്ക്
എവിടെനിന്നാണ് അത് എത്തുന്നത് എന്നറിയില്ല.
നീന്തിമറിയാന്‍ കണ്ണീര്‍ക്കടലുള്ളവര്‍ ഭാഗ്യവാന്‍മാര്‍.
ഉള്ളുറവകള്‍ വരണ്ടുപോയാല്‍ എന്തുചെയ്യും.
എങ്ങനെ ദു:ഖം പ്രകടിപ്പിക്കും.
എങ്ങനെ കണ്ണീര്‍വാര്‍ക്കും.
ആര്‍ക്കും അറിയാത്ത ദു:ഖത്തിന്‍റെ ഭാഷ
ഏതു കണ്ണിലാണ് എഴുതപ്പെട്ടത്?
നീ കരയാതെ.
എനിക്കറിയാം എന്‍റെ കണ്ണീരിലുണ്ട്
ഈ ലോകത്തിന്‍റെ വേദന മുഴുവനും .
നീ കരയാതെ....................